Tuesday, October 21, 2008

വീണ്ടുമൊരു ഹര്‍ത്താല്‍

ഇത്തവണ ഒരു കോടതി ബെഞ്ചിനു വേണ്ടി ആണ്..... ആരുടെ ശ്രദ്ധ ആകര്‍ഷിക്കാനാണ് ഈ ഹര്‍ത്താല്‍? കണ്ണ് മൂടി കെട്ടപ്പെട്ട കോടതിയുടെയോ? അതോ കോടതിയെ പുല്ലു വില കല്പിക്കാത്ത പ്രാദേശിക ഭരണകൂടത്തിനെയോ?. ഭരിക്കുന്നവന്‍ ബന്ദ് നടത്തിന്നതിന്റെ അര്ത്ഥം എന്താണ്?.. അതിവേഗ കോടതി അനുവദിച്ചിട്ട് അതിന് സ്ഥലവും സൌകര്യങ്ങളും ഒരുക്കാതെ സൌകര്യ പൂര്‍വ്വം ഒഴിഞ്ഞു മാറുന്ന നമ്മള്‍ കിട്ടാത്ത ഒന്നിന് വേണ്ടി സമയം കളയുന്നു!!!!..
ഇവനെന്തിറെ കേടാണ് എന്നല്ലേ ചിന്തിക്കുന്നത്? .. ഉച്ചക്ക് ഉണ്ണാന്‍ ചെന്നപ്പോള്‍ അവിടുത്തെ ചേച്ചി സങ്കടത്തോടെ പറയുന്നു... ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പക്ഷെ കൊടുക്കാന്‍ പാടില്ല എന്ന് പാര്‍ട്ടിക്കാര്‍ പറഞ്ഞിട്ട് പോയ്... ഒരു കട പോലുമല്ല ..വഴിയില്‍ നിന്നും അകത്തേക്ക് മാറി ഉള്ള ഒരു വീട് ആണ് എന്നോര്‍ക്കണം.. പക്ഷെ പാര്‍ക്കിന്റെ നേരെ എതിര്‍വശത്തുള്ള ബാറിനു ഇതൊന്നും ബാധകമല്ല... അത് വിശാലമായി തുറന്നു വെച്ചു.. കാരണം പറയേണ്ടല്ലോ... പിന്നെ വയര്‍ എന്‍റെ അല്ലെ.. നേരെ കേറി വയറു നിറച്ചു... അല്ല പിന്നെ...

Saturday, October 18, 2008

സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത കുറെ നല്ല ചിത്രങ്ങള്‍

കുറെ നാള്‍ കൂടി കുറച്ചു നല്ല സിനിമകള്‍ കണ്ടു....ഗുല്‍മോഹര്‍, തലപ്പാവ് ,തിരക്കഥ , പിന്നെ രാത്രിമഴയും .. ലെനിന്‍ രാജേന്ദ്രന്‍-ന്റെ പടങ്ങള്‍ കണ്ടു വിലയിരുത്താനുള്ള ശേഷി എനിക്കില്ല... ഗുല്‍മോഹര്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഓ എന്‍ വി കുറുപ്പിന്റെ ഗാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതേകിച്ചും. തിരക്കഥയിലും തലപ്പാവിലും അടുത്ത താരം ആരായിരിക്കും എന്നതിന്‍റെ വ്യക്തമായ സൂചനകള്‍ കാണാം...
മായ ബസാര്‍ കാണാനുള്ള ശേഷി എനിക്കില്ല.. മമുക്കയെ കൊണ്ടു ഡാന്‍സ് ചെയ്യിക്കുന്ന സംവിധായകനും മരിക്കുന്നതിനു മുന്‍പ് ഒരു തവണയെങ്കിലും ആസ്വാദകരുടെ കയ്യടി വാങ്ങാന്‍ ശ്രമിക്കുന്ന മമ്മുക്കയും... ഇല്ല.. ഇനിയും ഒരു പരീക്ഷണത്തിന് ഞാനില്ല... ഗുലാന്‍ കണ്ടതിന്‍റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല...

ഈശ്വരന്‍ എന്ന മിഥ്യ

റിച്ചാര്‍ഡ്‌ ദൌകിന്‍സ് എന്നൊരു സായിപ്പിന്റെ പുസ്തകത്തിന്‍റെ പേരാണിത്. മോഡേണ്‍ ബുക്ക് ഹൌസ്-ഇല്‍ ഈ പുസ്തകം കണ്ടപ്പോള്‍ ഒരു കൗതുകം തോന്നി...വാങ്ങി.... പുസ്തകത്തിന്റെ പുറത്തു കുറെ പ്രശംസാ വാചകങ്ങള്‍ ഒക്കെ ഉണ്ട്.. അതവരുടെ പതിവു വിപണന തന്ത്രങ്ങള്‍ മാത്രം എന്നാണ് ഞാന്‍ കരുതിയത്‌... ഒരു അദ്ധ്യായം വായിച്ചപ്പോള്‍ തന്നെ എനിക്ക് വളരെ മതിപ്പു തോന്നി... ഇത്ര മാത്രം അര്‍ത്ഥവത്തായി ലളിതമായി കാര്യങ്ങള്‍ പറയാന്‍ ചുരുക്കം ആള്‍ക്കാര്‍ക്കെ സാധിക്കു...
നിങ്ങള്‍ ഒരു ഈശ്വര വിശ്വാസി ആണെങ്കില്‍ ഒരു മത വിശ്വാസി ആണെങ്കില്‍ ഒരു മനുഷ്യ സ്നേഹി ആണെങ്കില്‍ തീര്‍ച്ചയായും വാങ്ങി വായിക്കുക.... വിശ്വാസങ്ങളെ മാറ്റി മാറിക്കാനല്ല കൂടുതല്‍ യുക്തിഭദ്രമായി ഉറപ്പിച്ചു നിറുത്താനാണ് . നികോസ് കസാന്‍തിസകിസ് -ന്‍റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭങ്ങള്‍ വായിക്കുന്ന ഏതൊരാള്‍ക്കും ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ എത്ര തീഷ്ണമായിരുന്നു എന്ന് മനസിലാവുന്നത് പോലെ....